:::: MENU ::::

Monday, June 11, 2018

എല്ലാ ബാങ്ക് അകൗണ്ട് ഉടമകളുടെയും ഇപ്പോഴത്തെ പേടി സ്വപ്നമാണ് മിനിമം ബാലൻസെന്ന വില്ലൻ.
ബാങ്ക് അക്കൗണ്ടുകൾ സർവ്വസാധാരണമായതോടെ പണമുള്ളവന്റെയും ഇല്ലാത്തവന്റെയും പോക്കറ്റ് ചോർത്തുന്ന വില്ലനായി മാറിയിരിക്കുകയാണ്  മിനിമം ബാലൻസ്. 
ഓരോ അകൗണ്ടിലും വേണ്ട മിനിമം ബാലൻസ് (ആവറേജ് മന്ത്ലി ബാലൻസ് AMB) കണക്കാക്കുന്ന രീതി മനസ്സിലാക്കിയാൽ മിനിമം ബാലൻസ് നിലനിർത്തിയില്ലന്നെ  പേരിൽ നിങ്ങളുടെ അകൗണ്ടിൽ നിന്നുള്ള പണ ചോർച്ച നിങ്ങൾക്ക് ഒഴിവാക്കാനാകും.

മിനിമം ബാലൻസ് (ആവറേജ് മന്ത്ലി ബാലൻസ് AMB) കണക്കാക്കുന്നതെങ്ങിനെ...?

അകൗണ്ടിലെ ഓരോ ദിവസത്തെയും ക്ലോസിംഗ് ബാലൻസുകളുടെ ഒരു മാസത്തെ തുകയെ ആ മാസത്തിന്റെ ദിവസങ്ങൾ കൊണ്ട് ഭാഗിക്കുമ്പോൾ കിട്ടുന്നതാണ് നിങ്ങളുടെ ആവറേജ് മന്ത്ലി ബാലൻസ്. ഈ തുക എല്ലാ ദിവസവും നിങ്ങളുടെ അക്കൗണ്ടിൽ സൂക്ഷിക്കണമെന്നില്ല.
അതായത് 

ഉദാഹരണത്തിന് : 
1000 രൂപ മിനിമം ബാലൻസ് അക്കൗണ്ടിൽ വേണ്ട ഒരാൾക്ക് 
ദിവസവും 1000 രൂപ വീതം 30 ദിവസവും സൂക്ഷിക്കേണ്ടി വരും
അതായത് 1000 രൂപ x 30 ദിവസം 
മിനിമം ബാലൻസ് = 
30,000 ÷ 30 = 1000

പക്ഷേ മറ്റൊരു വഴി കൂടെയുണ്ട്
മാസം 30,000 രൂപ ശമ്പളമുണ്ടെങ്കിൽ
മിനിമം ബാലൻസ് നിലനിർത്താൻ
30,000 രൂപ x 1 ദിവസം 
മിനിമം ബാലൻസ് = 
30,000 ÷ 30 = 1000

 അതായത് നിങ്ങളുടെ കയ്യിലെത്തുന്ന വലിയ തുക, ഒരു ദിവസം അകൗണ്ടിൽ സൂക്ഷിച്ചാൽ മതിയാകും.

സാലറി അകൗണ്ടുകൾക്ക് ബാങ്കുകൾ മിനിമം ബാലൻസ് നിബന്ധന വെക്കാത്തതിനു കാരണവും ഇതാണ്.

ഇത്തരത്തിൽ, കയ്യിൽ വരുന്ന പണം ഏതാനും ദിവസത്തേക്ക് ബാങ്കിലിട്ട്  മിനിമം ബാലൻസ് എന്ന വില്ലനെ നമുക്ക് നേരിടാം.

അല്ലാത്ത പക്ഷം മാസം മുഴുവൻ എല്ലാ ദിവസവും അകൗണ്ടിൽ ആയിരം രൂപ സൂക്ഷിക്കേണ്ടി വരും.

ഇത്തരത്തിൽ അല്പമൊന്ന് ശ്രദ്ധിച്ചാൽ മിനിമം ബാലൻസ് എന്ന വില്ലനെ നമുക്ക് നിസ്സാരമായി പിടിച്ചക്കെട്ടാൻ സാധിക്കും.

Friday, November 10, 2017

ഇന്ന് സ്വകാര്യ ആശുപത്രികൾ കനത്ത ചൂഷണം നടത്തുന്നത് വന്ധ്യതാ ചികിത്സാരംഗത്താണ്.

ഗവൺമെന്റ് ആശുപത്രികൾ ഈ രംഗത്ത് കാര്യമായ ഇടപെടലുകൾ നടത്തുന്നില്ല എന്നതും, ഇത്തരം ചികിത്സാ വിവരങ്ങള്‍ മിക്കവരും  രഹസ്യമായി സൂക്ഷിക്കുകയും, ചൂഷണമാണെന്നറിഞ്ഞാലും പുറത്തു പറയാൻ മടിക്കുന്നതും, സ്വകാര്യ മേഖലയിലെ ഈ തട്ടിപ്പിന് കരുത്ത് പകരുന്നു.

തിരുവനന്തപുരത്ത് ഒരു പ്രമുഖ ഡോക്ടർ നടത്തുന്ന ബ്രാഞ്ചുകളുള്ള വന്ധ്യതാ നിവാരണ ആശുപത്രിയിലെ സാധാരണ സിസേറിയൻ പാക്കേജ് തന്നെ ആരംഭിക്കുന്നത് ഒരു ലക്ഷത്തിന് മേലെയാണ്.
ഈ രംഗത്തുള്ള അടൂരിലെ ആശുപത്രിയുടെ മാർക്കറ്റിംഗ്, ആലപ്പുഴയിലെ ഒരു പ്രശസ്ത സിനിമാ താരം തങ്ങളുടെ ട്രീറ്റ്മെൻറിലാണ് എന്നു പറഞ്ഞാണ്. മൂവാറ്റുപുഴയിലെ ആശുപത്രി പറയുന്നത് ലിവിംഗ് ടുഗതറായി ജീവിക്കുന്ന നടി തങ്ങളുടെ ക്ലെന്ന്‍റെന്നു പറഞ്ഞാണ്.
ഹോമിയോ ആയുർവേദ രംഗത്തു നിന്നു പോലും ഈ മേഖലയിലേക്ക് ചികിത്സാ പരസ്യങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ട്.ട്രീറ്റ്മെന്‍റ് നു വ്യക്ത്തതയില്ലത്തതാണ്, മറ്റൊരു പ്രധാന പ്രശ്നം. സാധാരണയായി ആദ്യമേ മരുന്നുകൾ, പിന്നെ IUI (Intrauterine insemination)
പോലുള്ള രീതികൾ അഞ്ചാറു തവണ ശ്രമിച്ച ശേഷം വർഷങ്ങൾക്ക് ശേഷം അവസാനശ്രമം എന്ന രീതിയിലാണ് IVF ട്രീറ്റ്മെന്റ് ആരംഭിക്കുന്നത്. എന്നാൽ സ്വകാര്യ ആശുപത്രിക്കാർ മിക്കവാറും പ്രായമോ മറ്റ് ഏതെങ്കിലും റിസൾട്ടോ വച്ച്  ആദ്യമേ തന്നെ IVF പാക്കേജിനാണ് നിർബന്ധിക്കുക.

 IVF പാക്കേജുകൾക്ക് ആശുപത്രികൾ മാറുന്തോറും ലക്ഷങ്ങളുടെ വ്യത്യാസമാണ് വരുന്നത്. ഇത്തരം ചികിത്സാരീതികൾക്ക് ഇൻഷൂറൻസ് സംവിധാനം ഇന്ന് ലഭ്യമല്ല. ESI ആശുപത്രികൾ പോലും കേരളത്തിലെ വളരെ കുറച്ച് ആശുപത്രിയിലേക്കേ റഫറൽ നൽകുന്നുള്ളൂ, അതും വളരെ നാളത്തെ ട്രീറ്റ്മെന്റിനും പേപ്പർ വർക്കുകൾക്കും ശേഷം മാത്രം.
വരുന്നവരുടെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കിയാണ് പലയിടത്തും ചികിത്സ നശ്ചയിക്കുന്നത്. ശരാശരിക്കും മുകളിൽ വരുമാനക്കാരാണ് ആദ്യമേ ഇത്തരം IVF പാക്കേജിൽ വീണുപോകുന്നത്.
തിരുവനന്തപുരം തൈക്കാട് ഗവ.ആശുപത്രിയെ ഈയവസരത്തിൽ മറന്നു കൂടാ. 2012ൽ പ്രഖ്യപിച്ച IVF കേന്ദ്ര പ്രഖ്യാപനം, അഞ്ചു വർഷശേഷവും ഉറങ്ങുകയാണ്. ഇവിടെ പ്രവർത്തിക്കുന്ന വന്ധ്യതാ നിവാരണ കേന്ദ്രവും (IVF ഒഴികെയുള്ള) അവിടത്തെ പ്രമുഖ ഡോക്ടറെയും കുറിച്ച് പറയാതെ വയ്യ. അദ്ദേഹത്തെ അവിടുന്ന് സ്ഥലം മാറ്റുവാൻ ശ്രമിച്ചതും. പൊതുജനം ഇടപെട്ട് അദ്ദേഹത്തെ തിരികെ കൊണ്ടുവന്നതുമായ കഥ പ്രസിദ്ധമാണ്. രോഗികൾക്ക് കുറഞ്ഞ വിലക്ക് മരുന്നുകൾ നൽകുവാനും, നൂതന ചികിത്സകൾ സ്വകാര്യ സ്ഥാപനങ്ങൾ വഴി ലഭ്യമാക്കുവാനും  അദ്ദേഹം നടത്തുന്ന ശ്രമങ്ങൾ ആദരണീയമാണ്. സ്വകാര്യ ആശുപത്രികളിൽ ചികിത്സക്ക് പോകുന്നവർക്ക്  മാർഗ്ഗ നിർദ്ദേശങ്ങളും നൽകി വരുന്നു. രാവിലെ 7 മണി മുതൽ ആലപ്പുഴയിൽ നിന്നു പോലും ചികിത്സക്ക് ആളുകളിവിടെയെത്തുന്നു എന്നത് ഈ കേന്ദ്രത്തിന്റെ മികവുകൊണ്ട് മാത്രമാണ്.

വേണ്ടത്ര മാദ്ധ്യമശ്രദ്ധ ഈ വിഷയത്തിൽ ഇതുവരെ ലഭിച്ചിട്ടില്ല. IVF ചിക്ത്സാ കേന്ദ്രങ്ങൾ എന്തുകൊണ്ട് ഇന്നും സർക്കാർ സംവിധാനത്തിൽ വരുന്നില്ല എന്നതും,  ഒരു പരിധി വരെ ഇത്തരം ചിക്ത്സാ ചിലവുകൾ വഹിക്കാൻ ജനം തയ്യാറാണെങ്കിലും, എന്തുകൊണ്ട് ഗവൺമെന്റ് ഗുണനിലവാരവും, ചികിത്സാ ചെലവുകളും ഏകീകരിക്കാതെ ഈ മേഖല കണ്ടില്ലാ എന്ന് നടിക്കുന്നു എന്നതിന്റെയും പുറകിലെ കാരണം പകൽ പോലെ വ്യക്തമാണ്.


Monday, October 2, 2017


തിരുവനന്തപുരത്ത് നടന്ന നൃത്ത-സംഗീത നിശയില്‍ നിന്നൊരു ചിത്രം..

Thursday, June 8, 2017

                                           മലങ്കര കത്തോലിക്കാ സഭയുടെ പ്രഥമ മെത്രാപ്പോലീത്തയും ബഥനി സന്യാസ സമൂഹത്തിന്‍റെ സ്ഥാപകനുമായ ആര്‍ച്ച് ബിഷപ്പ് മാര്‍ ഇവാനിയോസിനെ 2007 ജൂലൈയിലാണ് വിശുദ്ധ പദവിക്ക് മുന്നോടിയായി  ദൈവദാസനായി പ്രഖ്യാപിച്ചത്, 

ഈ കബറിടം ഉൾപ്പെടെ മറ്റ് പിതാക്കന്മാരുടെ കബാറിടങ്ങളെല്ലാംതന്നെ സ്ഥിതി ചെയ്യുന്നത് പട്ടം സെന്റ് മേരീസ് കത്രീഡ്രലിനു മുൻപിലുള്ള ആ ചാപ്പലിലാണ്. ഇവിടെ നിന്ന് പുറത്തേക്ക്  നോക്കിയാൽ കാണുക കേവലം 200 മീറ്ററിനപ്പുറമുള്ള ആ ബാറാണെന്ന് എത്ര പേർക്കറിയാം...?

       

       തിരുവനന്തപുരത്തെപട്ടം- കേശവദാസപുരം റോഡിൽ, മുൻപ് ഒരു സ്വാഗത് ബാർ ഉണ്ടായിരുന്നു.  മദ്യനയം മാറിയപ്പോൾ അത് സ്വാഗത് ബിയർ&വൈൻ പാര്‍ലറായി മാറി. റോഡ് മുറിച്ച് കടന്നാൽ ഏകദേശം 500 മീറ്റർ ദൂരത്തിനുള്ളിലാണ്  മലങ്കര കത്തീഡ്രൽ പള്ളിയും അതിനോട് ചേർന്നുള്ള പട്ടം സെന്റ് മേരീസ് എന്ന പ്രശസ്ത വിദ്യാലയവും സ്ഥിതി ചെയ്യുന്നത്,

പക്ഷെ നിയമപ്രകാരം നേരെ എതിർ ഭാഗത്തുള്ള ബാറിൽ നിന്നും ഇങ്ങോട്ടേക്ക് ഡിവൈഡർ ചുറ്റിവരുമ്പോൾ കിലോമീറ്ററോളം ദൂരം വരും. ഈ ന്യായം പറഞ്ഞാണ് പണ്ടുമുതലേ ഈ ബാർ പ്രവർത്തിച്ചു പോരുന്നത്. കത്രീഡ്രലായിട്ടു പോലും അതിനു മുന്നിലെ ഡിവൈഡറിനെ തൊടാതെ കിലോമീറ്റർ മുന്നിലേക് പോയി ചുറ്റി വരേണ്ട ഗതികേടിലാണ്  വിശ്വാസികൾ. എന്നാൽ ഇതിനെതിരെ ഒന്ന് പ്രതിഷേധിക്കാനോ, ബാറിനെതിരെ ഒരു പിക്കറ്റിംഗ് സംഘടിപ്പിക്കാൻ പോലും വിശ്വാസികക്കോ, കത്രീഡ്രലിന്റെ മേലധികാരിയായുള്ള KCBCദേശീയ കത്തോലിക്കാ ബിഷപ്പ് കൗൺസിൽ അദ്ധ്യക്ഷനോ സാധിച്ചിട്ടില്ല.അതുപോലെ തന്നെ പ്ലാമൂട് ജംഗ്ഷനടുത്ത് ജിൻസ് ബാർ ( ഇപ്പോൾ ബിയർ & വൈൻ ) ഈ സ്ഥാപനത്തിന്റെ ഒരു മതിലിനപ്പുറം നിത്യാരാധന പ്രാർഥനാ കേന്ദ്രവും , സിസ്റ്റഴ്സ് കോൺവെൻറും. മറ്റൊരു മതിലിനപ്പുറം യേശുവിളിക്കുന്നു എന്ന പ്രാർഥനാ സംഘടനയുടെ കേന്ദ്രമാണ്.

ഇതിൽ ഏറ്റവും രസകരം ഈ രണ്ടു സ്ഥാപനങ്ങൾക്ക് പുറകിലും ചില കത്തോലിക്കാ വിശ്വാസികളാണെന്നതാണ്.

ഇപ്പോഴത്തെ മദ്യനയം തിരുത്തിയാൽ വലിയ പ്രക്ഷോഭം തുടങ്ങാൻ തയ്യാറെടുക്കുന്നവരും, വൈൻ വാറ്റാൻ ലൈസൻസ് ചോദിക്കുന്നവരും ആദ്യം ഇതിനൊക്കെ മുന്നിൽ ഒരു പിക്കറ്റികങ്ങെങ്കിലും നടത്തി കാണിക്ക്...
എന്നിട്ട് പോരെ സത്യാഗ്രഹമിരുന്ന് നാട് നന്നാക്കാൻ.


Wednesday, May 10, 2017

തിരുവനന്തപുരം നിവാസികളിൽ വിഴിഞ്ഞം തീരത്ത്, മീൻപിടുത്ത വള്ളത്തിൽ നിന്നം മീൻ വാങ്ങാൻ പോകാത്തവരുണ്ടാകില്ല. എന്നാൽ കഴിഞ്ഞ കുറെ നാളുകളിലായി ഇവരൊക്കെ തന്നെ വലിയ തട്ടിപ്പിനാണ് നിങ്ങളെ ഇരയാക്കി കൊണ്ടിരിക്കുന്നത്.

      ഞാനും എന്റെ കുറച്ച് സുഹൃത്തുക്കളുമായി വള്ളത്തിൽ നിന്നും നേരിട്ട് വാങ്ങിയ മീൻ 2 മണിക്കൂർ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴേക്കും കേടായതു കണ്ടാണ് ഇതിന്റെ പിന്നാമ്പുറത്തേക്ക് ഒരന്വേഷണം നടത്തിയത്.
സാധാരണ ദിവസങ്ങളിലെല്ലാം വെളുപ്പാൻ കാലം മുതലേ ദൂരെ നിന്നു വരെ ധാരാളം പേർ ഇത്തരത്തിൽ വള്ളങ്ങളിൽ നിന്നും നേരിട്ട് മീൻ വാങ്ങുവാനായി വിഴിഞ്ഞത്ത് എത്താറുണ്ട്. വള്ളമെത്തുമ്പോൾ ഒരു കൂട്ടം മീൻ മൊത്തമായി ലേലം വിളിച്ചെടുക്കലാണ് ഇവിടത്തെ രീതി.
ഇതിനിടയിൽ മീനിന്റെ ലഭ്യത വളരെ കുറവുള്ള ദിവസങ്ങളിൽ നല്ല വില ലഭിക്കുവാനായി ചില ഇടനിലക്കാർ വഴിയാണ് തട്ടിപ്പ് നടക്കുന്നത്. മീൻ കുറവുള്ള ദിവസങ്ങളിൽ ഇവർ തമിഴ്നാട്ടിൽ നിന്നും മറ്റു സ്ഥലങ്ങളിൽ നിന്നും വണ്ടിയിൽ രാത്രി കാലങ്ങളിൽ മീൻ എത്തിക്കുന്നു.
ബോട്ടു ലാൻഡിന് അടുത്തുള്ള കടൽപ്പാലത്തിലെ വലിയ പെട്ടികളിൽ ഐസും രാസവസ്തുക്കളും ചേർത്ത് ഇവ സൂക്ഷിക്കുന്നു. എന്നാൽ ഈ പെട്ടികളെല്ലാം ഒറ്റ നോട്ടത്തിൽ വലയും വള്ളത്തിലെ ഉപകരണങ്ങളുമായേ തോന്നൂ. ശേഷം മൂന്ന് മണിയോടുകൂടെ ഈ മത്സ്യങ്ങളെല്ലാം ഓരോ വള്ളത്തിൽ നിറച്ച് പുറംകടലിലേക്ക് പോകുന്നു. പിന്നെ വെളുപ്പിന്  കടൽവെള്ളത്തിൽ കുളിച്ച് നല്ല ഫ്രഷ് മീനുകളായി ഇടവിട്ട് ഇടവിട്ട് ഇവ കരയിലേക്ക് എത്തുന്നു. വാങ്ങുന്നവരെല്ലാം വിലയല്പം കൂടിയാലും ബോട്ടിൽ നിന്നും ഫ്രഷ് മീൻ വാങ്ങിയ സന്തോഷത്തിൽ തിരികെ പോകുന്നു .
( എല്ലാ വള്ളത്തിലെത്തുന്ന മീനുകളും ഇത്തരത്തിലുള്ളവയല്ല. വളരെ ചെറിയ ഒരു വിഭാഗമാണ് ഇത്തരം പ്രവർത്തികളിലേർപ്പെടുന്നത് )


മീനിൽ വിതറുന്ന വെളുത്ത പൊടി..?

ചിലയിടങ്ങളിൽ മീനിൽ രാസവസ്തുക്കൾ ചേർത്തു വിൽക്കുന്നതായുള്ള ആരോപണം പണ്ടുമുതലേ സജീവമാണ്. അതേക്കുറിച്ച് അന്വേഷിച്ചവർ കണ്ടെത്തിയത് പലതും ഞെട്ടിക്കുന്ന സത്യങ്ങളിലായിരുന്നു.

ഭക്ഷ്യ സുരക്ഷാ വകുപ്പ് മൂന്നു മാസത്തിലൊരിക്കലോ മറ്റോ ഏതെങ്കിലും മാർക്കറ്റിൽ നിന്നു ചടങ്ങിനു വേണ്ടി അൽപം സാംപിൾ മീൻ എടുത്തു പരിശോധിക്കും. അതിൽ തന്നെ ഒന്നും കണ്ടെത്തുകയുമില്ല.

കടലിൽ നിന്നും പത്തും പതിനാറും ദിവസം, ചിലപ്പോൾ ഒരു മാസംവരെയും പിന്നിട്ടെത്തുന്ന മീനുകൾ നമ്മുടെ അടുക്കളയിലെത്തുന്നത് വെറും ഐസ് മാത്രം വിതറിയാണോ..?
മീൻ കേടാകാതെ എങ്ങനെ ഇത്രയും നാളിരിക്കുന്നു?
പ്രധാനമായും മീൻ കേടാകാതിരിക്കാൻ ഇവർ ഐസിൽ വിതറുന്നത് ഒരു വെള്ളപ്പൊടിയാണ്...

 ‘പ്രിഷർ ഫിഷ്’ എന്നാണു മൽസ്യബന്ധന മേഖലയിൽ ഈ പൊടി അറിയപ്പെടുന്നത്.
സോഡിയം ബെൻസോയേറ്റ് എന്ന രാസവസ്തുവാണ് ഈ വെള്ളപ്പൊടി. ജനിതക വൈകല്യം, പാർക്കിൻസൺ രോഗം, കോശങ്ങളുടെ നാശം, കാൻസർ, അകാലവാർധക്യം തുടങ്ങി ഒട്ടേറെ രോഗങ്ങൾക്കു സാധ്യതയുണ്ടാക്കുന്നതാണ് ഈ രാസവസ്തു.

കേരളത്തിലും പുറത്തും മൽസ്യബന്ധന തുറമുഖങ്ങൾ മുതൽ ചില്ലറ വ്യാപാര മാർക്കറ്റുകളിൽ വരെ പച്ചമീനിനു മുകളിൽ വാരിവിതറിയും വെള്ളത്തിൽ കലക്കിയുമൊക്കെ പ്രയോഗിക്കുന്നത് ഈ സോഡിയം ബെൻസോയേറ്റ് തന്നെ.

അച്ചാർ, ബ്രെഡ്, പഴജ്യൂസ്, ഉണക്കി സൂക്ഷിക്കുന്ന പ്രോസസ് ചെയ്ത ഭക്ഷ്യസാധനങ്ങൾ തുടങ്ങിയവയിൽ ബാക്ടീരിയയെ പ്രതിരോധിക്കാൻ വളരെ ചെറിയ അംശത്തിൽ മാത്രം ഉപയോഗിക്കുന്ന പ്രിസർവേറ്റീവ് ആയ സോഡിയം ബെൻസോയേറ്റ് മീനിൽ ഒരു കാരണവശാലും ഉപയോഗിക്കാൻ പാടില്ലാത്തതാണ്.

സോഡിയം ബെൻസോയേറ്റിനെപ്പറ്റി 2000ത്തിനു ശേഷം പുറത്തുവന്ന പഠനങ്ങൾ ഞെട്ടിക്കുന്നതാണ്. ഇത് അമിതമായി ശരീരത്തിനുള്ളിലെത്തിയാൽ അപകടകരമായ ദൂഷ്യഫലങ്ങളുണ്ടാകുമെന്നാണു പഠനങ്ങൾ. ജനിതക ൈവകല്യവും കാൻസറും പാർക്കിസൺ രോഗവും ന്യൂറോ സംബന്ധമായ അസുഖങ്ങളും അകാലവാർധക്യത്തിലേക്ക് എത്തിക്കുന്ന അസുഖങ്ങളുമെല്ലാം ഇതുമൂലം വരാനിടയുണ്ട്. കുട്ടികളിൽ ഇത് ഹൈപ്പർ ആക്ടിവിറ്റി എന്ന സ്വഭാവ വൈകല്യത്തിനും കാരണമാകുന്നുവെന്നു പഠനങ്ങൾ പറയുന്നു.

ലോകത്തെ തന്നെ ഏറ്റവും ആധികാരികമായ രീതിയിൽ ഗുണനിലവാരം നിശ്ചയിക്കുന്ന യുഎസിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ടേഷൻ (എഫ്ഡിഎ) അവരുടെ നിയമാവലിയായ കോഡ് ഓഫ് ഫെഡറൽ റെഗുലേഷൻസ് (21) ൽ സോഡിയം ബെൻസോയേറ്റിനെപ്പറ്റി വ്യക്തമായി പറയുന്നുണ്ട് – പ്രോസസ് ചെയ്ത ആഹാരസാധനത്തിൽ സോഡിയം ബെൻസോയേറ്റ് 0.1% എന്ന അളവിൽ കൂടാൻ പാടില്ല.അച്ചാർ, പഴജ്യൂസുകൾ എന്നിവ ദീർഘകാലം ഇരിക്കുന്നതിനും പിഎച്ച് ന്യൂട്രൈലൈസ് ചെയ്ത് നിലനിർത്തുവാൻ പോലും 0.1 ശതമാനത്തിൽ കൂടുതൽ ഉപയോഗിക്കാൻ പാടില്ല. പ്രകൃതിയിൽ നിന്നെത്തുന്ന, മീൻ പോലെയുള്ള ഭക്ഷ്യസാധനങ്ങളിൽ ഇത് ഒരുതരത്തിലും ഉപയോഗിക്കാൻ പാടില്ലെന്നു ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും ഫിഷറീസ് ടെക്നോളജി രംഗത്തെ വിദഗ്ധരും പറയുന്നു.

അതിനാൽ തന്നെ ഫ്രഷ്, നാടൻ തുടങ്ങിയ ലേബലിൽ നമ്മുടെ വിശ്വാസം നേടിയ പലതും ഇപ്പോഴും വിഷമയം തന്നെ.