:::: MENU ::::

Feb 5, 2017





തിരുവനന്തപുരത്ത് ശ്രീകാര്യത്തിനടുത്ത് അതിസമ്പന്നമായ ഒരു വീട്. വിദേശത്ത് പ്രശസ്തമായ ഒരു കമ്പനിയുടെ ഹെഡാണ് പിതാവ്. നഗരത്തിലെ പ്രശസ്തമായ ഒരു കോളേജിലെ പ്രിന്‍സിപ്പാളായ മാതാവ്. മൂത്തമകന്‍ ബാഗ്ലൂരില്‍ ഐ.ടി കമ്പനിയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലിചെയ്യുന്നു. പക്ഷേ ഇളയ മകന്‍ പ്ലസ് ടു കഴിഞ്ഞ് ഒരുവര്‍ഷമായി വീട്ടിലിരിപ്പാണ്. എപ്പാഴും മുറിയടച്ചിരിക്കും, ഉറക്കം വളരെ കുറവാണ്. ഭക്ഷണം കഴിച്ചെങ്കിലായി. നെറ്റോ വൈദ്യുതിയോ തടസ്സപ്പെട്ടാല്‍ അക്രമാസക്തനാകുന്ന പ്രകൃതം. ഇളയമകന്റെ ഈ സ്വഭാവ വൈകൃതത്തിനു കാരണം തേടി സൈക്കോളജിസ്റ്റിനെ സമീപിച്ചപ്പോള്‍ ആ മാതാവിനു കിട്ടിയ മറുപടിയുടെ ചുരുക്കം ഇതായിരുന്നു – ആ പയ്യന്‍ ഡിജിറ്റല്‍ അടിമയായി മാറിയിരിക്കുന്നു.
ഈ അമ്മ അനുഭവിക്കുന്ന അതേ മാനസിക സംഘര്‍ഷം തന്നെയാണ് ഇന്ന് കേരളത്തിലെ നല്ലൊരു ശതമാനം വീടുകളിലും അനുഭവിക്കുന്നത്. മൊബൈല്‍ ഗെയിമുകളും കമ്പ്യൂട്ടര്‍ ഗെയിമുകളും അനാവശ്യമായ ഇന്റര്‍നെറ്റ് ഉപയോഗവും നമ്മുടെ യുവതലമുറയെ ഡിജിറ്റല്‍ അടിമകളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്.
ഇന്നലെ വരെ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായിരുന്നെങ്കില്‍ അതിലും ഭീകരമായ ഡിജിറ്റല്‍ അഡിക്ഷന്‍ എന്ന മാനസികവ്യാധിയിലാണ് പകുതിയിലേറെ മലയാളികള്‍. ഇതിലേറിയ പങ്കും 25 വയസ്സിനു താഴെയുള്ള കൗമാരക്കാരാണ്.ഇത്തരത്തിലുള്ള ഇന്റര്‍നെറ്റ് അഡിക്ഷന്‍ കടുത്ത വിഷാദത്തിലേക്കോ പൂര്‍ണ്ണമായ വൈകാരിക മരവിപ്പിലേക്കോ ചെന്നെത്തുന്ന തരത്തില്‍ ഒരു രോഗമായി വളരുകയാണ്. ഓണ്‍ലൈന്‍ ഗെയിമുകളും ക്യാന്‍ഡിക്രഷ് അടക്കമുള്ള ഗെയിമുകളും ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയ സൈറ്റുകള്‍, യൂട്യൂബ് പോലുള്ള വീഡിയോ പോര്‍ട്ടലുകള്‍, അശ്ലീലസൈറ്റുകള്‍ തുടങ്ങി ഐപോഡില്‍ വെരെ എത്തി നില്‍ക്കുന്നു യുവതലമുറയുടെ ഡിജിറ്റല്‍ ആസക്തി.
ഇന്നിപ്പോള്‍ പല വീടുകളിലും മാതാപിതാക്കളുമൊത്തിരുന്ന് ഭക്ഷണം കഴിക്കുക എന്ന ശീലം മാറി, ടിവി, മൊബൈല്‍, ലാപ്‌ടോപ്പ് എന്നിവയുമായി സംവദിച്ചാണ് പലരും ഭക്ഷണം കഴിക്കുന്നത്.. എന്തിന് ന്യൂസ് ചാനല്‍ ചര്‍ച്ചകള്‍ക്ക് അജണ്ടവരെ തിരുമാനിക്കുന്നതു വരെ സോഷ്യല്‍ മീഡിയയായിക്കഴിഞ്ഞു കൂട്ടുകുടുംബത്തില്‍ നിന്നും അണുകുടുംബത്തിലേക്കെന്ന പോലെ സാമൂഹിക ചുറ്റുപാടുകളില്‍ നിന്നും ഏകാന്തതയിലേക്ക് എല്ലാവരും അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്.
കോളജ് വിദ്യാര്‍ത്ഥികളില്‍ ഈയിടെ നടത്തിയ ഒരു പഠനത്തില്‍ പ്രതിദിനം പത്ത് മണിക്കൂര്‍ വീതം ആഴ്ചയില്‍ ആറ് ദിവസം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ തലച്ചോറിന്റെ ചില പ്രത്യേക ഭാഗങ്ങളില്‍ തേയ്മാനം ഉണ്ടാകുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ ശാസ്ത്രീയ തെളിവുകള്‍ക്കു ഇനിയും സ്ഥിരീകരണം അനിവാര്യമാണെങ്കിലും കണ്ടെത്തല്‍ നല്‍കുന്ന സൂചനകളെ കണ്ടില്ലെന്നു നടിക്കാനാകില്ല.
ഇത്തരത്തില്‍ ഡിജിറ്റല്‍ അടിമകളെ കൊണ്ട് ഭാവിയില്‍ വന്‍ സാമൂഹിക ആരോഗ്യ വിപത്തുകള്‍ തന്നെ ഉടലെടുത്തേക്കാം. ഇപ്പോള്‍ തന്നെ പലരും സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടുന്നത് സോഷ്യല്‍ മീഡിയ വഴിമാത്രമായിക്കഴിഞ്ഞു. പുറം ലോകവുമായി യാതൊരുവിധ ഭൗതികബന്ധവും ഇല്ലാത്ത അവസ്ഥ.
ടെലികോം രംഗത്തുണ്ടായിരിക്കുന്നു ചില പുത്തന്‍ കിടമത്സരങ്ങള്‍ ഡിജിറ്റല്‍ അടിമകളെ സൃഷ്ടിക്കുന്നതിന്റെ ഒരു കാരണമാണ്. ഇന്റര്‍നേറ്റ് വേഗതയും ലഭ്യതയും പ്രതീക്ഷകള്‍ക്കും അപ്പുറത്ത് സ്വീകാര്യമാകുമ്പോള്‍, അതിന്റെ ദുരുപയോഗം കടുത്ത മാനസികാരോഗ്യ തകര്‍ച്ചയിലേക്ക് ചിലരെയെങ്കിലും നയിക്കുന്നുണ്ട് എന്ന് ചിന്തിക്കേണ്ടതുണ്ട്. സര്‍ക്കാരോ മറ്റേതെങ്കിലും ഏജന്‍സികളോ ഇവരെ ഈ വിഷയത്തെ ഗൗരവമായി എടുത്തിട്ടില്ല എന്നത് വേദനാജനകമാണ്.

ഡിജിറ്റല്‍ അടിമകളാക്കപ്പെടുന്നതിന്റെ ചില കാരണങ്ങള്‍:
ദൈനംദിന ജീവിതത്തില്‍ പൊതുവേ അനുഭവപ്പെടുന്ന മടുപ്പ്, സുലഭമായി ലഭിക്കുന്ന ഒഴിവ് സമയം, വൈകാരികാനുഭവങ്ങളുടെ നിരാസം(emotional), ആത്മവിശ്വാസക്കുറവ്, കുടുംബത്തിന്റെയോ രക്ഷിതാക്കളുടെയോ ശിക്ഷണ പങ്കാളിത്തത്തിന്റെ അഭാവം, ശൈശവദശയിലെയോ കൗമാരകാലത്തോ ഉണ്ടായ തെറ്റായ ലൈംഗികാനുഭവങ്ങള്‍, സാങ്കേതിക വിദ്യകളുടെ ലഭ്യത എന്നിവയെ ചില പൊതുകാരണങ്ങളായി വിലയിരുത്താം.
നിങ്ങള്‍ ഒരു ഡിജിറ്റല്‍ അടിയായി മാറുകയാണോ എന്നതിനു ഉത്തരം താഴെ പറയുന്ന ചോദ്യങ്ങള്‍ നല്‍കിയേക്കും
1. ഇന്റര്‍നെനറ്റില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നു എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?
2. നിങ്ങളുടെ സംതൃപ്തിക്കായി ഇപ്പോഴത്തേക്കാള്‍ കൂടുതല്‍ സമയം ഇന്റര്‍നെറ്റില്‍ ചെലവഴിക്കണം എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
3. ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കുന്നതിന് കണക്കിലേറെ തവണ വിഫലശ്രമങ്ങള്‍ നടത്തിയതായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?
4. ഇന്റര്‍നെറ്റ് ഉപയോഗം നിര്‍ത്താന്‍ ശ്രമിക്കുമ്പോഴോ ഏതെങ്കിലും സന്ദര്‍ഭത്തില്‍ നിര്‍ത്തിയതിന് ശേഷമോ താങ്ങാനാവാത്ത വിധത്തില്‍ നിങ്ങള്‍ അസ്വസ്ഥനായിട്ടുണ്ടോ?
5. നിങ്ങളുടെ അമിതമായ ഇന്റര്‍നെറ്റ് ഉപയോഗം മൂലം സുദൃഢമായ ഏതെങ്കിലും സൗഹൃദമോ തൊഴില്‍പരമോ വിദ്യാഭ്യാസപരമോ ആയ അവസരങ്ങള്‍ നിങ്ങള്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ടോ?
6. നിങ്ങളുടെ അമിതമായ ഇന്റര്‍നെറ്റ് ഉപയോഗം കുടുംബാംഗങ്ങളോടോ ഡോക്ടറോടോ നിങ്ങള്‍ മറച്ച് വെച്ചിട്ടുണ്ടോ?
7. നിസ്സഹായത, കുറ്റബോധം, ഉത്ക്കണ്ഠ, വിഷാദം എന്നിങ്ങനെയുള്ള മാനസികപ്രശ്‌നങ്ങളില്‍ നിന്നുള്ള മോചനമായി നിങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗത്തെ കാണുന്നുണ്ടോ?
ഈ ചോദ്യങ്ങള്‍ നിങ്ങള്‍ ഒരു ഡിജിറ്റല്‍ അടിമയായോ എന്നതിനു കൃത്യമായ ഉത്തരം നല്‍കും.
ഇത്തരത്തില്‍ അഡിക്റ്റായ ഒരാളെ ബാധിക്കാവുന്ന ഗുരുതരമായ പ്രശ്‌നങ്ങളും നാം വിലയിരുത്തേണ്ടതുണ്ട്.
ശാരീരിക പ്രശ്‌നങ്ങള്‍:
പേശികളിലും മസിലുകളിലുമുള്ള വേദന, അമിത വണ്ണം, കൊളസ്‌ട്രോള്‍, അലസത, നിസ്സംഗത, ഉറക്കമില്ലായ്മ, ശക്തവും നിരന്തരവുമായ തലവേദന, നേത്രരോഗങ്ങള്‍, കാഴ്ച ശക്തി ദുര്ബദലമാവുക തുടങ്ങിയവയാണ് പ്രധാന ശാരീരിക പ്രശ്‌നങ്ങള്‍. കമ്പ്യൂട്ടറിലെ രശ്മികള്‍ മനുഷ്യശരീരത്തിലെ തൊലിനിറം വിരൂപമാക്കുമെന്ന് പഠനങ്ങള്‍ വന്നിട്ടുണ്ട്.
ബുദ്ധിയുടെ മരണം
ചില വൈദ്യശാസ്ത്ര പഠനങ്ങള്‍ പ്രകാരം ദീര്‍ഘനേരം കമ്പ്യൂട്ടറിനു മുന്നില്‍ ചിലവഴിക്കുന്ന ഒരാളുടെ തലച്ചോറിന് മരണം സംഭവിക്കുമെന്ന് പറയപ്പെടുന്നു. ശ്രദ്ധാകേന്ദ്രീകരണ തലത്തെ അത് ദുര്‍ബലപ്പെടുത്തുന്നു. ഓര്‍മ്മശക്തിയെ ബലഹീനമാക്കുന്നു. പെട്ടെന്നുള്ള മറവിക്ക് ഹേതുവാകുന്നു. ഉറക്കക്കുറവുള്ളവരുമായിരിക്കും. എപ്പോഴും മനസ്സില്‍ നെറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമായിരിക്കും. ഇവര്‍ യഥാര്‍ഥലോകത്ത് നിന്ന് ഒഴിഞ്ഞിരിക്കുകയും ഭാവന ലോകത്ത് വിഹരിക്കുകയും ചെയ്യുന്നു.
മാനസിക പ്രശ്‌നങ്ങള്‍
ഇന്റര്‍നെറ്റിന് അഡിക്റ്റായവര്‍ ഏകാന്തതയിലേക്ക് ചുരുങ്ങാനും സ്വന്തത്തിലേക്ക് ഉയലിയാനും ജനങ്ങളില്‍ നിന്ന് വളരെ അകലം പാലിക്കാനുമായിരിക്കും പൊതുവെ താല്‍പര്യപ്പെടുക. വീട്ടിലുണ്ടെങ്കില്‍ തന്നെ കുടുംബാംഗങ്ങളുമായി യാതൊരു ബന്ധവുമില്ലാതെ സ്വന്തം റൂമില്‍ ഒറ്റക്കിരിക്കും. ബൗദ്ധിക മരവിപ്പിന്റെ ഫലമായി പെട്ടെന്ന് കോപം വരിക പോലുള്ള സ്വഭാവത്തിനുടമകളായിരിക്കും. ഇവരിലധികവും പരുക്കന്‍ സ്വഭാവക്കാരായിരിക്കും. അധികവും ഭാവനാലോകത്തായതിനാല്‍ യഥാര്ത്ഥ ലോകവുമായി ബന്ധങ്ങള്‍ കുറവായിരിക്കും. കൂട്ടുകാര്‍ കുടുംബക്കാര്‍ എന്നിവരില്‍ നിന്ന് അകലം പാലിക്കുന്നവരായിരിക്കും. അസ്ഥിത്വ പ്രതിസന്ധി, കടുത്ത കുറ്റബോധം, ആത്മവിശ്വാസക്കുറവ്, ഉശവലിയല്‍, അന്തര്‍മുഖത്വം, വിവാഹപ്പേടി ഇതെല്ലാം ഇതിനോടനുബന്ധിച്ച പ്രശ്‌നങ്ങളാണ്.
ലൈംഗിക പ്രശ്‌നങ്ങള്‍
ലൈംഗിക ചേരുവകളുള്ള സിനിമകളും കഥകളുമൊക്കെയാണ് ഇത്തരക്കാര്‍ അധികവും കാണുന്നത്. ഇത് കടുത്ത ലൈംഗിക പ്രശ്‌നങ്ങളിലേക്ക് അവരെ നയിക്കുന്നു. അവിഹിതമായ ലൈംഗിക ബന്ധം, സ്വയം ഭോഗം എന്നിവയുടെ അടിമകളായി മാറുന്നു പലരും. ലൈംഗികാവയവങ്ങള്‍ക്കും പ്രത്യുല്പാദന ശേഷിക്കും കടുത്ത ക്ഷതമേല്പ്പിക്കുന്നു. മൂത്രാശയ രോഗങ്ങള്‍ ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നു. അവിഹിതമാര്‍്ഗപത്തിലൂടെയുള്ള ലൈംഗിക വേഴ്ച ശീഘ്രസ്ഖലനം, ലൈംഗിക മരവിപ്പ് തുടങ്ങിയവയിലേക്ക് നയിക്കുകയും ഭാവിയില്‍ വൈവാഹിക ജീവിതത്തിന് വലിയ ഭീഷണിയാവുകയും ചെയ്യുന്നു.
അഡിക്ഷനില്‍ നിന്നും എങ്ങിനെ മോചനം നേടാം, ചികിത്സാരീതിക്കള്‍ ഏതൊക്കെ?
ഇത്തരത്തിലുള്ള കുട്ടികളോട് മാതാപിതാക്കള്‍ക്കുള്ള സമീപനം അല്‍പം വ്യത്യസ്തമായിരിക്കണം. അതുമായി ബന്ധപ്പെട്ട ചില നിര്‍ദേശങ്ങള്‍ :
1.കുട്ടികളോട് കൂടുതല്‍ അടുക്കുക. അവരോടൊപ്പം ഉല്ലാസ യാത്ര നടത്തുക, അവരുമായി സംഭാഷണത്തിലേര്‍പ്പെടുന്നത് വര്‍ധിപ്പിക്കുക. അമുക്കും അവര്‍ക്കുമിടയിലെ പരസ്പര വിശ്വാസം ദൃഢപ്പെടുത്തുക.
2.അവരിഷ്ടപ്പെടുന്ന ആക്ടിവിറ്റീസത്തിനുള്ള അവസരങ്ങള്‍ നാം അവര്‍ക്ക് ഒരുക്കിക്കൊടുക്കുക്കണം; അത് കായികപരമോ കലാപരമോ സാംസ്‌കാരികമോ ആയ ഏതു മേഖലയിലുമായിരിക്കാം.
3.ജീവിതത്തില്‍ വായനയുടെ പ്രാധാന്യം അവരെ തെര്യപ്പെടുത്തണം. നാമ്മളും അവരോടൊപ്പം വായനയില്‍ പങ്കാളികളാവുക. അവരെ അക്കാര്യത്തില്‍ നിരന്തരം പ്രോത്സാഹിപ്പിക്കുക.
4. കുട്ടികള്‍ ദീര്‍ഘനേരം കമ്പ്യൂട്ടറിനു മുന്നിലിരിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.
5.കുറ്റവാളികളെപ്പോലെ അവരെ നിരീക്ഷിക്കാതിരിക്കുക. അവരറിയാത്ത രീതിയില്‍ കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട അവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുക.
6.കുട്ടികള്‍ക്കായുള്ള പ്രത്യേകം റൂമുകളില്‍ കമ്പ്യൂട്ടറുകള്‍ സജ്ജീകരിക്കുന്നതിന് പകരം ഹാള്‍,സ്വീകരണ മുറി പോലുള്ള മാതാപിതാക്കള്‍ക്ക് വേഗത്തില്‍ കണ്ണെത്തുന്ന സ്ഥലങ്ങളില്‍ അത് സ്ഥാപിക്കുന്നതില്‍ അവരുമായി യോജിപ്പിലെത്തുക.
7.കമ്പ്യൂട്ടര്‍ ഉപയോഗത്തിന് വ്യക്തമായ സമയം നിശ്ചയിക്കുക. കുട്ടികളുമായി അതില്‍ യോജിപ്പിലെത്തുക.
8.നമ്മുടെ സ്‌നേഹ വാല്‌സല്യങ്ങള്‍ അവരെ വല്ലാതെ സ്വധീനിക്കുന്ന ഘട്ടങ്ങളില്‍ ശാന്തവും ഫലപ്രാപ്തി ലക്ഷ്യമാക്കിയുമുള്ള ചര്‍ച്ചകളിലൂടെ ഇന്റര്‍്‌നെിറ്റ് അഡിക്ഷന്റെ അപകടങ്ങളെക്കുറിച്ചും ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും ബോധവല്‍ക്കരിക്കുക.
ചികിത്സാ രീതികള്‍
ന്യൂഡല്‍ഹിയില്‍ രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് വിമുക്ത കേന്ദ്രം (ഇന്റര്‍നെറ്റ് ഡി അഡിക്ഷന്‍ സെന്റര്‍) പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഉദയ് ഫൗണ്ടേഷന്‍ എന്ന എന്‍.ജി.ഒയാണ് ഇന്റര്‍നെറ്റില്‍ ജീവിതം കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനായി ഡി അഡിക്ഷന്‍ സെന്റര്‍ ആരംഭിച്ചിരിക്കുന്നത്.
രോഗം മൂര്‍ച്ഛിക്കുന്നതിനു മുമ്പ് തന്നെ തേടാവുന്ന ചില ചികിത്സകളാണ് നിര്‍ദ്ദേശിക്കുന്നത്.
1. ഇന്റര്‍നെറ്റില്‍ പ്രവേശിക്കുന്നതിനു മുമ്പായി കൃത്യമായ ലക്ഷ്യനിര്‍ണയം നടത്തുക.
2. നിശ്ചയിച്ചുറപ്പിച്ച ലക്ഷ്യത്തിന് മൂല്യം കല്‍പ്പിക്കുക. ഉദേശ്യം നെഗറ്റീവാണെങ്കില്‍ ഒരു കാരണവശാലും നെറ്റില്‍ പ്രവേശിക്കാതിരിക്കുക. പോസിറ്റീവാണെങ്കില്‍ സമയം നിശ്ചയിച്ച് ലക്ഷ്യ പ്രാപ്തി കൈവരുത്തുക.
3. ഇന്റര്‍നെറ്റുമായി വല്ലാതെ അനുരക്തനാവുന്നു എന്ന തോന്നലുടലെടുക്കുന്നുവെങ്കില്‍ കുറച്ചു നാളുകളിലേക്ക് അതുമായുള്ള ബന്ധം ഒഴിവാക്കുക. പഠനപരവും വൈജ്ഞാനികവുമായ ഒഴിച്ച് കൂടാനാവാത്ത കാര്യങ്ങള്‍ക്കു മാത്രം അതുപയോഗപ്പെടുത്തുക. ഇത്തരം തീരുമാനം വളരെ കടുത്തതായിത്തോന്നാം. പക്ഷെ എടുത്ത തീരുമാനത്തില്‍ ഒരിക്കലും പിന്‍വാങ്ങാത്ത ഇച്ഛാശക്തിയുണ്ടാകണം.
4. എപ്പോഴും മനോധൈര്യവും മാനസിക കരുത്തും ഉള്ളവനാവുക.
6. കടുത്ത പ്രയാസങ്ങളും ബുദ്ധിമുട്ടുകളുമുണ്ടെങ്കില്‍, സ്വയം നിയന്ത്രിക്കാന്‍ കഴിയാതെ വരുന്നു എങ്കില്‍ വിദഗ്ധനായ ഡോക്ടറേയോ കൗണ്‍സിലറെയോ കാണുക. ചിലപ്പോള്‍ നിങ്ങള്‍ക്കു വൈദ്യ ചികിത്സ ആവശ്യമായേക്കാം.

Categories:

0 comments: