നിയമപരമായ മുന്നറിയിപ്പ് : മദ്യം ആരോഗ്യത്തിന് ഹാനികരം
മദ്യപാനത്തെ തുടര്‍ന്നുണ്ടാകുന്ന താല്‍ക്കാലിക രോഗാവസ്ഥയാണ് ഹാങ് ഓവര്‍. മദ്യപാനാനന്തര മന്ദത എന്ന ഈ 'കെട്ട്' വിടാന്‍ സമയമെടുക്കും. മദ്യം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുന്നത് കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. മദ്യപാനാനന്തര മന്ദതയെക്കുറിച്ചുള്ള മിഥ്യകള്‍ പലതും വ്യത്യസ്തവും രസകരവുമാണ്. സൂക്ഷ്മമായി നോക്കിയാല്‍ അവയില്‍ വളരെക്കുറച്ചെണ്ണത്തില്‍ മാത്രമേ യാഥാര്‍ത്ഥ്യമുള്ളൂ. മദ്യപാനാനന്തര ഹാങ്ഓവറിക്കുറിച്ച് പ്രചരിക്കുന്ന 12 മിഥ്യകള്‍ തുടര്‍ന്ന് വായിക്കാം.
1 ഹാങ് ഓവര്‍ വലിയ കാര്യമൊന്നുമല്ല
വസ്തുത: അമിതമായ മദ്യപാനം മൂലം വിഷബാധിതമായ ശരീരത്തിന്റെ പ്രതികരണമാണ് ഹാങ്ഓവര്‍. അമിത കുടി കേന്ദ്രനാഡീവ്യൂഹത്തെയാണ് പ്രധാനമായും ബാധിക്കുക. ആല്‍ക്കഹോള്‍ മസ്തിഷ്‌കത്തിലെ രാസവസ്തുക്കളുമായി പ്രവര്‍ത്തിക്കുമ്പോഴാണ് തലവേദന, മന്ദിപ്പ്, ഓക്കാനം, അടിക്കടിയുള്ള മൂത്രശങ്ക, തുടര്‍ന്നുള്ള നിര്‍ജജലീകരണം എന്നിവ പ്രത്യക്ഷപ്പെടുന്നത്. മദ്യപാനാനന്തര പ്രഭാതത്തില്‍ അവ കടുത്ത തലവേദനയും ക്ഷീണവും വായവരണ്ടുണങ്ങലും ഓക്കാനവും പ്രതിരോധ വ്യവസ്ഥ ക്ഷയിക്കലുമൊക്കെയായി കൂടുതല്‍ ശക്തമാവും.
2. ആണിനും പെണ്ണിനും ഒരു പോലെ
വസ്തുത: ഹാങ് ഓവര്‍ ആണിനും പെണ്ണിനും ഒരു പോലെയാണെന്നു കരുതി പെണ്ണുങ്ങള്‍ അടിച്ച് ഫിറ്റാവാന്‍ നോക്കേണ്ട. ഒരേ തരം മദ്യം ഒരേ അളവ് കഴിച്ചാലും ഹാങ് ഓവര്‍ പ്രശ്‌നം പുരുഷനെ അപേക്ഷിച്ച് സ്ത്രീകളിലായിരിക്കും കൂടുതല്‍. പുരുഷ ശരീരത്തില്‍ കൂടുതല്‍ ജലാംശമുണ്ടെന്നാണ് ഇതിന് ശാസ്ത്രകാരന്മാര്‍ നല്‍കുന്ന വിശദീകരണം. കഴിക്കുന്ന ആല്‍ക്കഹോള്‍ കൂടുതല്‍ നേര്‍പ്പിക്കാന്‍ ഇത് പുരുഷശരീരത്തെ സഹായിക്കുമത്രേ. അതുകൊണ്ട് പുരുഷനെപ്പോലെ കുടിച്ചാല്‍ സ്ത്രീകളുടെ രക്തത്തില്‍ കൂടുതല്‍ ആല്‍ക്കഹോള്‍ നിറയും.
3. അമിത മദ്യാപാനികള്‍ക്കേ ഹാങ് ഓവര്‍ ഉണ്ടാവൂ
വസ്തുത: അമിത മദ്യപാനം ഹാങ്ഓവറിലേക്ക് വേഗം വര്‍ധിപ്പിക്കുമെങ്കിലും അത് ഒഴിവാക്കിയതുകൊണ്ട് മാത്രം കാര്യമില്ല. ഹാങ്ഓവര്‍ അമിത മദ്യപാനത്തേക്കാളേറെ ശരീര പ്രകൃതിയെആശ്രയിച്ചാണിരിക്കുന്നത്. അത്തരക്കാരില്‍ ഒന്നോ രണ്ടോ ഡ്രിങ്ക് മതി തലവേദനയും മറ്റു ലക്ഷണങ്ങളും പ്രത്യക്ഷപ്പെടാന്‍. ഓരോ ഡ്രിങ്കിനും ഇടയില്‍ വെള്ളമോ മറ്റ് ആല്‍ക്കഹോള്‍ രഹിത പാനീയമോ കുടിക്കാന്‍ ശ്രദ്ധിച്ചാല്‍ നിര്‍ജലീകരണം തടയാനും കുടിക്കുന്ന മദ്യത്തിന്റെ അളവ് കുറയ്ക്കാനും കഴിയും.
4. വൈനിന് ഹാങ് ഓവര്‍ കുറവാണ്
വസ്തുത: ചുവന്ന വൈനില്‍ ടാനിന്‍ എന്ന വസ്തുവുണ്ട്. ഇത് പലരിലും തലവേദനയുണ്ടാക്കും. വിസ്‌കി പോലെ ബാര്‍ലി വാറ്റി ഉണ്ടാക്കുന്ന മദ്യങ്ങളും തീവ്രമായ ഹാങ് ഓവര്‍ ഉണ്ടാക്കുന്നവയാണ്. കുടിക്കാതിരിക്കാനാവാത്തവരും ഹാങ് ഓവര്‍ ഭീതിക്കാരും ബീയറോ അല്ലെങ്കില്‍ വേഡ്കയോ ജിന്നോപോലുള്ള കഌയര്‍ ലിക്കര്‍ തിരഞ്ഞെടുക്കുക.
5. ഡയറ്റ് കോക്ക്‌ടെയിലുകള്‍ സുരക്ഷിതമാണ്
വ്‌സ്തുത: കലോറി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റ് ഡ്രിങ്കുകള്‍ സഹായകരമാണ്. എന്നാല്‍ ഹാങ് ഓവര്‍ ഒഴിവാക്കാനൊന്നും അവ സഹായകരമാവില്ല. പകരം പഴങ്ങളോ പഴച്ചാറുകളോ മധുര പാനീയങ്ങളോ കഴിച്ചാല്‍ ഹാങ് ഓവര്‍ തീവ്രത കുറയ്ക്കാനാവുമെന്നാണ് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്.
6. ബീയറിന് മുമ്പ് ലിക്കര്‍ കഴിക്കുന്നതാണ് നല്ലത്
വസ്തുത: ബീറിന് മുമ്പാണോ ശേഷമാണോ ലിക്കര്‍ കഴിക്കുന്നത് എന്നത് ഹാങ് ഓവറിന്റെ കാര്യത്തില്‍ വലിയ പ്രാധാന്യമൊന്നുമില്ല. കഴിക്കുന്ന ആല്‍ക്കഹോളിന്റെ അളവാണ് കാര്യം. 12 ഔണ്‍സ് ബീയറിലും അഞ്ച് ഔണ്‍സ് വൈനിലും 1.5 ഔണ്‍സ് ഹോട്ടിലും ഉള്ളത് ഏകദേശം ഒരേ അളവ് ആല്‍ക്കഹോളാണ്.
7. ഭക്ഷണം കഴിച്ചാല്‍ ഹാങ്ഓവര്‍കുറയും
വസ്തുത: മദ്യപിച്ച ശേഷം ഭക്ഷണം കഴിക്കുന്നത് ഹാങ് ഓവര്‍ കുറയ്ക്കില്ല. മദ്യപാനത്തിന് മുമ്പ് ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. ഏത് ഭക്ഷണവും ആല്‍ക്കഹോള്‍ ആഗിരണത്തിന്റെ വേഗത കുറയ്ക്കുമെങ്കിലും കൊഴുപ്പടങ്ങിയതാണ് കൂടുതല്‍ സഹായകരം. അതുകൊണ്ട് മദ്യപാനത്തിന് മുമ്പ് അല്‍പം കൊഴുപ്പടങ്ങിയ ഭക്ഷണം കഴിച്ചാല്‍ ഹാങ് ഓവര്‍ കുറയും. കിടക്കുന്നതിന് മുമ്പ് ഇടക്കിടെ വെള്ളവും കുടിക്കുക.
8. വേദന സംഹാരികള്‍ കഴിക്കുക
വസ്തുത: കുറിപ്പടിയില്ലാതെ കടയില്‍ നിന്ന് വാങ്ങുന്ന വേദന സംഹാരികളുടെ ഫലം 4 മണിക്കൂറേ നീണ്ടുനില്‍ക്കൂ. അതുകൊണ്ട് ഉറക്കം കഴിഞ്ഞ് എണീക്കുമ്പോള്‍ അതിന്റെ ഫലമുണ്ടാവില്ല. പകരം എഴുന്നേല്‍ക്കുമ്പോള്‍ ഗുളിക കഴിക്കാം. രാത്രി മദ്യപിച്ച ശേഷം രാവിലെ അസെറ്റാമെനോഫെന്‍ കഴിക്കുന്നതും ഒഴിവാക്കണം. കാരണം കരള്‍ അസെറ്റാമെനോഫനെ പ്രോസസ് ചെയ്യുന്നത് ആല്‍ക്കഹോള്‍ തകരാറിലാക്കും. കരളില്‍ നീര്‍ക്കെട്ടും സ്ഥിരമായ തകരാറുമായിരിക്കും ഫലം..
9. മദ്യം നല്ല ഉറക്കം നല്‍കും
വസ്തുത: മദ്യം ഉറക്കം തടസ്സപ്പെടുത്തുകയാണ് ചെയ്യുക. കുടിച്ചാല്‍ വേഗം ഉറക്കം വരുമെങ്കിലും അത് ഉറക്കത്തിന്റെ ഗുണനിലവാരം നശിപ്പിക്കും. ഗാഢനിദ്ര നഷ്ടമാകുമെന്ന് മാത്രമല്ല നേരത്തേ എഴുന്നേല്‍ക്കുകയും ചെയ്യും. അമിതമായി മദ്യപിച്ചിട്ടുണ്ടെങ്കില്‍ ഉറക്കത്തിന്റെ അവസാന ഭാഗം ഹാങ് ഓവറിനാല്‍ തടസ്സപ്പെടുകയും ചെയ്യും.
10. ഉണരുമ്പോഴുള്ള കോക്ടെയില്‍ ഹാങ്ഓവര്‍ കുറയ്ക്കും
വസ്തുത: രാവിലെ കുടിക്കുന്നത് ഹാങ് ഓവര്‍ കുറയ്ക്കുകയല്ല, നീട്ടിവെക്കുകയാണ് ചെയ്യുന്നത്. പിന്നീട് ശക്തമായി ഹാങ് ഓവര്‍ ഉണ്ടാവുകയും ചെയ്യും. രാവിലെ ഒരു ക്വാര്‍ട്ടര്‍ എങ്കിലും കിട്ടാതെ കാര്യങ്ങള്‍ ശരിയാകാത്ത അവസ്ഥ നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങള്‍ അഡിക്ടായി കഴിഞ്ഞു എന്നര്‍ത്ഥം. അടിയന്തരമായി ചികില്‍സ തേടുക.
11. കാപ്പി കുടിക്കുന്നത് ഹാങ് ഓവര്‍ കുറയ്ക്കും
വസ്തുത:കാപ്പി കുടിക്കുന്നത് നിര്‍ജലീകരണം കൂട്ടി ഹാങ് ഓവര്‍ തീവ്രമാക്കുകയാണ് ചെയ്യുക. രാത്രി മദ്യപിച്ചിട്ടുണ്ടെങ്കില്‍ പിന്നീട് കഫൈന്‍ അടങ്ങിയത് എന്തും ഒഴിവാക്കുന്നതാണ് നല്ലത്. പകരം വെള്ളമോ സ്‌പോര്‍ട്‌സ് ഡ്രിങ്കുകളേ ഇടയ്ക്കിടെ കുടിക്കുക. ഛര്‍ദ്ദിയുണ്ടെങ്കില്‍ ഇത് നിര്‍ബന്ധമായും ആവശ്യമാകും.
12. മരുന്നുകള്‍ കഴിക്കുന്നത് നല്ലതാണ്
വസ്തുത: നിലവിലുള്ള ഹാങ് ഓവര്‍ മരുന്നുകളൊന്നും തന്നെ ഫലപ്രദമല്ലെന്നാണ് ബ്രിട്ടീഷ് ഗവേഷകര്‍ കണ്ടെത്തിയത്. അപൂര്‍വം ചില ഔഷധങ്ങള്‍ ഹാങ് ഓവറുമായി ബന്ധപ്പെട്ട ഓക്കാനവും വായ വരള്‍ച്ചയും കുറയ്ക്കാന്‍ ചെറിയ തോതില്‍ സഹായകരമാണെന്ന് മാത്രമാണ് തെളിഞ്ഞിട്ടുള്ളത്.
0 comments:
Post a Comment