:::: MENU ::::

Feb 6, 2017




ഇതാണ് മീരാനിക്കാന്ന് ഞങ്ങൾ വിളിക്കണ മുഹമ്മദ്.

ഇദ്ദേഹം കഴിഞ്ഞ 25 വർഷമായി തിരുവനന്തപുരം പഴവങ്ങാടി - തകരപറമ്പ് റോഡിലെ ഫുഡ്പാത്ത് കച്ചവടക്കാരനാണ്. 1995 ൽ ഞാൻ SMV സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ഇദ്ദേഹത്തെയറിയാം. അന്നും ഇന്നും ഇക്കക്ക് ഈ ജട്ടി, ടൗവ്വൽ, തോർത്ത് കച്ചവടം തന്നെ. അന്നൊക്കെ സിനിമയിലെ പല ഹാസ്യരംഗങ്ങളും റോഡിലെ ജട്ടിക്കച്ചവടത്തെക്കുറിച്ചാണല്ലൊ....

അതുവെച്ച് സ്കൂൾ വിട്ട് പോരുന്ന വഴിക്ക് ഞങ്ങളൊക്കെ എത്ര തവണ ഇക്കയെ കളിയാക്കിയിരിക്കുന്നു, പക്ഷെ അന്നും ഇന്നും ഇക്ക ഈ കളിയാക്കലുകളെയും.... പരിഹാസങ്ങളെയും ചിരിച്ചു കൊണ്ട് തന്നെ നേരിടുന്നു.....
ഇപ്പോഴും ഇക്ക മണക്കാട്ടെ ആ വാടക വീട്ടിൽ തന്നെ താമസം. ഈ കച്ചവടം നടത്തി മകളെ കെട്ടിച്ചയച്ചു, ആൺമക്കൾ ചില കടകളിൽ ജോലി ചെയ്യുന്നു, എന്നാൽ ഇക്ക ഇപ്പോഴും പഴയ ജട്ടിക്കച്ചവടം തുടരുന്നു. ഇക്ക ഒരിക്കലും സാധാരണ ഫുഡ് പാത്ത് കച്ചവടക്കാരെ പോലെ ബഹളം വെച്ചോ, പ്രദർശന വസ്തുക്കൾ വെച്ചോ ആരെയും ആകർഷിക്കാറില്ല. എല്ലാം റോഡിൽ നിരത്തിവെച്ച് അരികിലിരിക്കും.
ഇന്ന് കുറച്ച് നേരം അദ്ദേഹത്തിനടുത്തിരുന്ന് സംസാരിച്ചപ്പോൾ പെരുത്ത് സന്തോഷം.....
എന്റെ ചോദ്യങ്ങൾ കേട്ടപ്പോൾ ഇക്കക്ക് ഒരു സംശയം വല്ല പത്രത്തീന്നാണോ...? ഇത് വല്ല പുലിവാലാകുമോ...?
എന്നും രാവിലെ 8 മണിക്ക് കച്ചോടം തുടങ്ങും, രാത്രി വരെ നീളും... ഭക്ഷണം വീട്ടിൽ നിന്നു കൊണ്ടുവരും, മറ്റ് യാതൊരു ദുശ്ശീലങ്ങളുമില്ല. അടുത്ത കടകളിലുള്ളവർക്കും ഇക്കയെ കുറിച്ച് പറയാൻ നല്ലതുമാത്രം.
ഇക്ക പറയുന്നു.......
ഒന്നു രക്ഷപെടണമെന്ന് ഉണ്ടായിരുന്നു നടന്നില്ല, പിന്നെ ജീവിക്കണമെങ്കിൽ 200 രൂപയിൽ താഴെ കിട്ടുന്ന ഈ വരുമാനമേയുള്ളൂ. ഷുഗറും പ്രഷറും ഇപ്പോൾ കൂട്ടിനുണ്ട്, ധർമ്മാശുപത്രിയിൽ പോയാ ഭയങ്കര തിരക്കാ, പിന്നെ അന്ന് അന്നത്തിനുള്ള വക കിട്ടില്ല, അതുകൊണ് അതൊന്നും ശ്രദ്ധിക്കാറില്ല. ഒരു ജട്ടി വിറ്റാൽ അഞ്ചോ പത്തോ കിട്ടും, അതും പലരും വിലപേശി വാങ്ങുമ്പോൾ വീണ്ടും കുറയും, എല്ലാരും ഇപ്പോൾ ബ്രാൻഡ്‌ ഉല്പന്നങ്ങളിലേക്ക് മാറി. എനിക്ക് മാത്രം ഒരു മാറ്റവുമില്ല. എല്ലാരും ഹോട്ടലിൽ ടിപ്പുകൊടുക്കും, മാളുകളിൽ പോയി 10 രുപയുടെ സാധനം 15 രുപ ഓഫറിൽ വാങ്ങും.... പക്ഷെ ഞങ്ങളെ പോലെയുള്ളവർക്ക് ഒരു രൂപപോലും അധികം നൽകില്ല.
പോലീസിന്റെ വിരട്ടൽ പണ്ടത്തെ പോലെ അത്രയില്ല എങ്കിലും ചിലപ്പോൾ എല്ലാം വാരിക്കൊണ്ട് പോയി പെറ്റി തരും.
ഇതുവരെ ആരുടെ മുന്നിലുംകൈ നീട്ടി പോയിട്ടില്ല, ഇനി പോകേം ഇല്ല. പലരും പലയിടത്തു പോയി ഭയങ്കര സഹായമാ... എന്നാൽ കൺമുന്നിലെ ഒരുത്തനെയും തിരിഞ്ഞു നോക്കാറില്ല..എന്താ ചെയ്ക '...
വിശേഷങ്ങൾ പറഞ്ഞ് പറഞ്ഞ് സമയം പോയതറിഞ്ഞില്ല. എന്റെ വക ഒരു ചെറു സമ്മാനം നൽകി തിരികെ പോകുമ്പോള്‍ കുറേ ചോദ്യങ്ങള്‍ മനസ്സില്‍ബാക്കി....
ഇത്തരം തെരുവോര ജീവിതങ്ങളെ ആട്ടി പായിച്ച് ആധുനിക വികസന സംസ്കാരം വളർത്തുന്നവർ ഇത്തരക്കാരെ പരിഗണിക്കുന്നതേയില്ല. അഴുക്കുചാലിൽ തീരാനുള്ള ജന്മങ്ങളായി ഇവരൊക്കെ ഇന്നും നമ്മുടെ നഗരങ്ങളിൽ ഇന്നും ജീവിക്കുന്നു.
Categories:

0 comments: