:::: MENU ::::

May 2, 2020


മറ്റു രാജ്യങ്ങളിൽ കൊലയാളിയായി കരുതുന്ന ആസ്ബറ്റോസ് നമ്മുടെ ഇവിടെ ഇന്നും യഥേഷ്ടം ഉപയോഗിക്കുന്നുണ്ട്. പല രാജ്യങ്ങളിലും ആസ്ബസ്റ്റോസ് നിരോധനം വന്ന് പതിറ്റാണ്ടുകൾ ആയെങ്കിലും നമ്മുടെ പൊതു സമൂഹത്തിന് ഇതുവരെയും ഇത്തരം ഒരറിവ് ലഭ്യമായിട്ടില്ല.
ഇന്ന് തിരുവനന്തപുരത്തെ പഴയ കെട്ടിട സാമഗ്രികൾ വിൽക്കുന്നിടത്ത് കണ്ട ആസ്ബറ്റോ സുകളാണ് ചിത്രത്തിൽ.....

ഇനി കാര്യത്തിലേക്ക് വരാം...

               കാസർഗോട് ജില്ലയിലെയും പാലക്കാട് ജില്ലയിലെയും ഗോഡോണുകളിൽ സൂക്ഷിക്കപ്പെട്ടിരുന്ന നിരോധിത കീടനാശിനിയായ എൻഡോ സൾഫാൻ നിർവീര്യമാക്കാൻ വന്ന വിദഗ്ദരുടെ ബഹിരാകാശ യാത്രികരെ അനുസ്മരിപ്പിക്കുന്ന സ്യൂട്ടും മാസ്കും കൈയ്യുറയുമൊക്കെയായുള്ള വേഷ വിധാനം കണ്ട് നാട്ടുകാർ മൂക്കത്ത് വിരൽ വച്ച് നോക്കി നിന്നിട്ടുണ്ട്. കാരണം കുറച്ച് കാലങ്ങൾക്ക് മുൻപ് വരെ യാതൊരു ഭീതിയുമില്ലാതെ സകല കർഷകരും എടുത്ത് ഉപയോഗിച്ചിരുന്ന പാവം എൻഡോ സൾഫാൻ ഇത്ര വലിയ ഒരു ഭീകരൻ ആയിരുന്നു എന്ന് അവർ അറിഞ്ഞിരുന്നില്ല. അതുപോലെത്തന്നെയാണ്‌ നമുക്കേറെ പരിചയമുള്ള ആസ്ബസ്റ്റോസിന്റെ കാര്യവും. മനുഷ്യരിൽ ക്യാൻസർ ഉൾപ്പെടെയുള്ള അസുഖങ്ങൾ ഉണ്ടാക്കുമെന്ന് നൂറു ശതമാനം ഉറപ്പ് വരുത്തപ്പെട്ട വസ്തുക്കൾ ഉൾപ്പെടുന്ന IARC യുടെ ഗ്രൂപ്പ് 1 പട്ടികയിൽ മുൻ നിരയിൽ ഉള്ളതും ആസ്ട്രേലിയ, ജപ്പാൻ, ന്യൂസിലന്റ്, ദക്ഷിണകൊറിയ, ക്യാനഡ, യു കെ തുടങ്ങിയ രാജ്യങ്ങളിൽൽ പൂർണ്ണമായും നിരോധിക്കപ്പെട്ട ആസ്ബസ്റ്റോസ് സംസ്കരിക്കുന്ന പ്രക്രിയയും നമ്മുടെ എൻഡോ സൾഫാൻ നിർവീര്യമാക്കുന്നതുപോലെ അതീവ സുരക്ഷാ മുൻകരുതലുകൾ എടുത്തിട്ടാണെന്ന് കേൾക്കുമ്പോൾ അതിശയോക്തിയായി തോന്നിയേക്കാം. കാരണം നമ്മുടെ നാട്ടിൽ ഇപ്പോഴും ആസ്ബസ്റ്റോസ് എന്താണെന്നോ ആസ്ബസ്റ്റോസിന്റെ കുഴപ്പങ്ങൾ എന്താണെന്നോ ഒന്നും ഇതുവരെ ചർച്ച ചെയ്യപ്പെട്ട് തുടങ്ങിയിട്ടുപോലുമില്ല.

                     അതേ സമയം മനുഷ്യരിലോ മറ്റ് ജീവജാലങ്ങളിലോ എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്നതിനെക്കുറിച്ചുള്ള തെളിവുകൾ ഒന്നും തന്നെ ലഭിക്കാത്ത ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷനുകളെ പ്രിക്കോഷണറി പ്രിൻസിപ്പിൾ പ്രകാരം IARC ഗ്രൂപ്പ് 2 ബി പട്ടികയിൽ പെടുത്തിയതിനെത്തുടർന്ന് അനാവശ്യമായ ഭീതി പരത്തി മൊബൈൽ ടവറുകളെയും മൊബൈൽ ഫോണുകളെയുമൊക്കെ ഭീകര ജീവികളായി പൊടിപ്പും തൊങ്ങലുമൊക്കെ ചേർത്ത കഥകളിലൂടെ ചിത്രീകരിക്കപ്പെട്ടു. എന്തിനേറേ സയൻസ് എന്നത് ഏഴയലത്ത് പോലും പോകാത്ത സയൻസ് ഫിൿഷൻ സിനിമ വരെ ഈ വിഷയത്തിൽ നമ്മുടെ നാട്ടിൽ ഇറങ്ങിക്കഴിഞ്ഞു.
ഏതെങ്കിലും സിനിമക്കാരൻ ആസ്ബസ്റ്റോസ് ക്യാൻസർ ഉണ്ടാകുമെന്നോ അപകടകരമാണെന്നോ നിങ്ങളോട് പറഞ്ഞിട്ടുണ്ടോ? ഏതെങ്കിലും ഡോക്ടർ നിങ്ങളോട് ആസ്ബസ്റ്റോസ് ഉപയോഗിക്കുന്നതിലെ ദോഷ വശങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ടോ? ഏതെങ്കിലും പ്രകൃതി വൈദ്യൻ ആസ്ബസ്റ്റോസ് ക്യാൻസർ ഉണ്ടാക്കുമെന്ന് പറഞ്ഞിട്ടുണ്ടോ? പ്രകൃതിക്കാർക്ക് ആസ്ബസ്റ്റോസിനോട് എതിർപ്പുണ്ടാകാൻ വഴിയില്ല കാരണം ആസ്റ്റബ്സ്റ്റോസ് 100 ശതമാനം പ്രകൃതിദത്തമായ ഒരു ഫൈബർ ആണ്‌. പ്രകൃതി ദത്തമായതൊന്നും അപകടം ഉണ്ടാക്കില്ല എന്ന പൊതുബോധ സിദ്ധാന്തപ്രകാരം പ്രകൃതി ചികിത്സകർക്ക് ആസ്ബസ്റ്റോസിനോട് പ്രത്യേകിച്ച് അലർജിയൊന്നുമുണ്ടാകാൻ വഴിയില്ല. അതുകൊണ്ട് തന്നെ ജൈവപ്പശുവിന്റെ തൊഴുത്ത് ആസ്ബസ്റ്റോസ് ആകാം. സ്കൂളിന്റെ കെട്ടിടം ആസ്ബസ്റ്റോസ് ആകാം. പക്ഷേ സ്കൂളിന്റെ മുന്നിൽ ഒരു മൊബൈൽ ടവർ അനുവദിക്കില്ല.

                                       ഇപ്പോൾ ആസ്ബസ്റ്റോസ് ഷീറ്റുകളിൽ നോക്കിയാൽ കാണാം അതിൽ എഴുതിയിരിക്കുന്ന വാചകം ഇതാണ്‌ “ Ciment roofing sheet made up of imported fiber” . എന്താണീ ഇമ്പോർട്ടഡ് ഫൈബർ- അതാണ്‌ ആസ്ബസ്റ്റോസ് ഫൈബർ. അമേരിക്ക ഉൾപ്പെടെയുള്ല വികസിത രാജ്യങ്ങളിൽ ഡിമാന്റ് കുറഞ്ഞതിനെത്തുടർന്നും അപകട സാദ്ധ്യത ജനങ്ങൾക്ക് ബോദ്ധ്യമായതിനെത്തുടർന്നും ഇന്ത്യ ഉൾപ്പെടെയുള്ള മൂന്നാം ലോക രാജ്യങ്ങളിലേക്ക് വൻ തോതിൽ ആസ്ബസ്റ്റോസ് കയറ്റുമതി ചെയ്യപ്പെടുന്നു. ഇന്ത്യയിൽ ആസ്ബസ്റ്റോസ് ഖനനം നിരോധിക്കണമെന്നൊക്കെയുള്ള ചർച്ചകൾ ഉണ്ടായിരുന്നു എങ്കിലും ഇന്ത്യയിൽ ഇപ്പോഴും ആസ്ബസ്റ്റോസ് മൈനിംഗ് നടക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിൽ വൻ വിലക്കുറവുള്ളതിനാൽ ഇറക്കുമതിയും ലാഭകരം തന്നെ. വിലക്കുറവും, ഉയർന്ന നാശന പ്രതിരോധ ശേഷിയും, തീപിടിത്തത്തിനെ പ്രതിരോധിക്കാനുള്ല കഴിവുമൊക്കെയാണ്‌ ആസ്ബസ്റ്റോസിനെ പ്രയങ്കരമാക്കുന്നത്. ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങളിൽ ജനങ്ങൾക്കിടയിലുള്ള അവബോധക്കുറവും നിയമ നിർമ്മാണങ്ങൾ നടത്തേണ്ട സർക്കാരുകളുടെ അലംഭാവവുമൊക്കെ യാതൊരു വിവേചനവുമില്ലാത്ത ആസ്ബസ്റ്റോസ് ഉപയോഗത്തിന്റെ തോത് കൂട്ടുന്നു.



                               വായുവിൽ കലരുന്ന ആസ്ബസ്റ്റോസ് ഫൈബറീന്റെ സൂഷ്മമങ്ങളായ ഭാഗങ്ങൾ ശ്വാസകോശത്തിൽ എത്തുകയും അവ ശാസകോശത്തിനകത്ത് പറ്റിപ്പിടിച്ചിരിക്കുകയും ചെയ്യുന്നു. ആകൃതിയിലെയും ഘടനയിലെയും പ്രത്യേകത കാരണം ശ്വാസകോശ ഭിത്തികളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഇവ ശരീരം എത്ര ശ്രമിച്ചാലും പുറം തള്ളാൻ കഴിയുന്നില്ല. ഇത് Mesothelioma എന്ന ക്യാൻസറിനു വഴി തെളിക്കുന്നു. പുകവലിക്കുന്നവർ എല്ലാവരും ക്യാൻസർ രോഗികൾ ആകുന്നില്ല എങ്കിലും പുകയിലയിലെ ഘടകങ്ങൾ ക്യാൻസറിനു കാരണമാകുന്നതിനാൽ പുകവലിക്കാർക്ക് ശ്വാസകോശാർബുദം വളരെ കൂടുതലായി ഉണ്ടാകുന്നു എന്ന് തെളിയിക്കപ്പെട്ടതിനെത്തുടർന്നാണല്ലോ പുകവലിക്കെതിരെയുള്ള നിയമങ്ങളും ബോധവത്കരണങ്ങളുമൊക്കെ ശക്തമായത്. അതുപോലെത്തന്നെ ആണ്‌ ആസ്ബസ്റ്റോസിന്റെ കാര്യവും. പ്രധാനമായും ആസ്ബസ്റ്റോസ് അധിഷ്ഠിതമായ വ്യവസായങ്ങളിലെയും ഖനികളിലെയും ഒക്കെ ജോലി ചെയ്യുന്നവരിൽ ആണ്‌ കൂടുതലായും ഇത്തരം ക്യാൻസർ കണ്ടെത്തിയിട്ടുള്ളത് എങ്കിലും വായുവിൽ ആസ്ബസ്റ്റോസ് നാരുകൾ എത്തുന്നത് ഏറിയും കുറഞ്ഞും ആയാലും അത് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാം. വീടിന്റെയോ തൊഴുത്തിന്റെയോ ഫാക്റ്ററിയുടേയോ ഒക്കെ റൂഫിംഗ് ഷീറ്റുകളെ നിരുപദ്രവകരമായി കണക്കാക്കാം എങ്കിലും കാലക്രമേണ പഴക്കത്താലും മറ്റും അവയിലെ പൊടി അന്തരീക്ഷത്തിൽ കലരാനുള്ള സാഹചര്യം നിലനിൽക്കുന്നുണ്ട്. ഇളക്കം തട്ടുമ്പോഴും ചിലന്തിവല മാറ്റാനായി പൊടി തട്ടി വൃത്തിയാക്കുമ്പോഴും കാറ്റടിക്കുമ്പോഴുമൊക്കെ ഇവയിൽ നിന്നുള്ള പൊടി വായുവിൽ കലരാനിടയാകുന്നു. ആസ്ബസ്റ്റോസ് പ്രധാനമായും ഉപയോഗിക്കുന്ന മറ്റൊരിടമാണ്‌ വാഹനങ്ങളുടെ ബ്രേക്ക് ലൈനറുകൾ. പല രാജ്യങ്ങളിലും ആസ്ബസ്റ്റോസ് ബ്രേക്ക് ലൈനറുകളുടെ നിർമ്മാണം നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും നമ്മുടെ നാട്ടിൽ ഇപ്പോഴും ഇത്തരം ബ്രേക്ക് ലൈനറുകൾ തന്നെ ആണ്‌ വിപണിയിൽ ഉള്ളത്. റൂഫിംഗ് ഷീറ്റ് ഉൾപ്പെടെയുള്ള ആസ്ബസ്റ്റോസ് ഉൽപ്പന്നങ്ങളുടെ ഗാർഹിക ഉപയോഗക്മ് കൊണ്ട് പ്രത്യക്ഷത്തിൽ വലിയ അപകടങ്ങൾ ഉണ്ടാകുന്നില്ല എങ്കിലും ആസ്ബസ്റ്റോസ് അധിഷ്ഠിത വ്യ്വസായങ്ങൾ ഉണ്ടാകുന്നത് ഇവയ്ക്ക് ഡിമാന്റ് ഉള്ളതുകൊണ്ടാണ്‌. ആ ഡിമാന്റ് ഇല്ലാതാകണമെങ്കിൽ പൊതുജനങ്ങൾക്ക് ഇവയെക്കുറിച്ച് അവബോധം ഉണ്ടാകണം. അത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കാതിരിക്കണം. അതോടൊപ്പം തന്നെ നിയമ നിർമ്മാണങ്ങളും ആവശ്യമാണ്‌. ആസ്ബസ്റ്റോസ് ഷീറ്റുകൾ മുറിക്കുന്നവരും ഡ്രിൽ ചെയ്യുന്നവരുമൊക്കെ സാമാന്യ മുൻകരുതലുകൾ എങ്കിലും എടുക്കേണ്ടതാണ്‌ (ഷീറ്റ് നന്നായി നനച്ചതിനു ശേഷം മാത്രം വെള്ളമൊഴിച്ചു കൊടുത്തുകൊണ്ട് ഡ്രിൽ ചെയ്യുകയും മുറിക്കുകയുമൊക്കെ ചെയ്യുന്നത് പൊടി വായുവിൽ കലരാതിരിക്കാൻ സഹായിക്കുന്നു) . അതോടൊപ്പം തന്നെ നാശമായ ആസ്ബസ്റ്റോസ് അലക്ഷ്യമായി വലിച്ചെറിയാതിരിക്കാനും ശ്രദ്ധിക്കുക. കാരണം ഒരിക്കൽ ശ്വസിച്ച ആസ്ബസ്റ്റോസ് ഒരു കാലത്തും ശ്വാസകോശത്തിനു പുറന്തള്ളാൻ കഴിയില്ല. ആ സാഹചര്യമെങ്കിലും ഒഴിവാക്കാൻ ആസ്ബസ്റ്റോസുമായി ഇടപെട്ട് പ്രവർത്തിക്കുന്നവർ ശ്രദ്ധിക്കേണ്ടതാണ്‌.

                               വിദേശ രാജ്യങ്ങളിൽ ആസ്ബസ്റ്റോസ് നിരോധനത്തെത്തുടർന്നും വലിയ തോതിലുള്ള അവബോധം ഉണ്ടായതിനെത്തുടർന്നും പഴയ റൂഫിംഗ് ഷീറ്റുകൾ സംസ്കരിക്കുന്നത് ചെലവേറിയ ഒരു ഏർപ്പാടായി. അതോടെ ഡിസ്പോസ് ചെയ്യുന്നതിനു പകരം നിലവിലെ കേടായ പഴയ ഷീറ്റുകൾ മാറ്റാതെ അവയെ മെറ്റൽ ഷീറ്റുകൾ കൊണ്ട് പൊതിഞ്ഞ് ഉപയോഗിക്കുന്ന രീതികൾ നിലവിൽ വന്നു. അത് ആണ്‌ കൂടുതൽ സുരക്ഷിതവും ഫലപ്രദവുമായ ആസ്ബസ്റ്റോസ് പുനരുപയോഗമാർഗ്ഗം.

കടപ്പാട്: സുജിത്ത് കുമാർ
Categories:

0 comments: